ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം

പ്രകൃതി രമണീയവും ശാന്തസുന്ദരവുമായ ഒരു കാര്‍ഷിക ഗ്രാമമാണ് തൊടിയൂര്‍. തിരുവിതാംകൂറില്‍ കാര്‍ഷിക പ്രസിദ്ധമായ ഓണാട്ടുകര പ്രദേശത്തിന്റെ ഭാഗമായിരുന്ന തൊടിയൂര്‍ ഇന്ന് കരുനാഗപ്പള്ളി താലൂക്കില്‍  സ്ഥിതി ചെയ്യുന്നു. ഈ ഗ്രാമത്തിന്റെ കാര്‍ഷിക വളര്‍ച്ച ഗ്രാമത്തിന്റെ വടക്ക്, കിഴക്ക്, തെക്ക്, അതിര്‍ത്തികളിലൂടെ കടന്നുപോകുന്ന പള്ളിക്കലാറുമായി ബന്ധപ്പെട്ടിരിക്കുന്നു. തിരുവിതാംകൂര്‍ രാജ്യം രൂപപ്പെടുന്നതിന് മുമ്പ് കായംകുളം രാജാവിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. കായംകുളം രാജാവിന്റെ വിശ്വസ്ത സേനാനായകന്‍ ആയിരുന്ന പുളിയ്ക്കല്‍ മേനവന്റെ നേതൃത്വത്തിലുള്ള ‘പുളിയ്ക്കല്‍ കോട്ട’ ഈ ഗ്രാമത്തിന്റെ ഐതിഹാസിക ചരിത്ര സ്മാരകമായി നിലകൊണ്ടിരുന്നു. ഈ സ്മരണകള്‍ ഉണര്‍ത്തിക്കൊണ്ട് പുളിയ്ക്കല്‍ കോട്ട സ്കൂള്‍ (തൊടിയൂര്‍ ഗവണ്‍മെന്റ് എല്‍ പി എസ്സ്) ഈ പഞ്ചായത്തിന്റെ മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്നു. തൊടിയൂര്‍ വട്ടക്കായലിനുംമാലുമേല്‍ പുഞ്ചയ്ക്കും ഇടയ്ക്ക് പള്ളിയ്ക്കലാറിന്റെ തീരത്തോട് ചേര്‍ന്ന് കിടന്നിരുന്ന സ്ഥലം ‘തൊടുക’ പോലെ കിടന്നിരുന്നു. കൃഷിയുടെ അടിസ്ഥാനത്തില്‍ അനുയോജ്യമായ ‘തൊടുക’ ഉണ്ടാക്കിയതാണെന്നും ആ സ്ഥലത്തിനെ തൊടി എന്നു വിളിച്ചുവെന്നും കാലക്രമത്തില്‍ ‘തൊടിയൂര്‍ ‘ എന്ന് ആ സ്ഥലത്തിന് പേര് വന്നു എന്നും ഒരു ഐതിഹ്യം നിലനില്‍ക്കുന്നു. തൊടിയൂര്‍ എന്ന ഈ പ്രദേശത്തോടൊപ്പം കല്ലേലിഭാഗംമുഴങ്ങോടി, പുലിയൂര്‍വഞ്ചി, വേങ്ങറ തുടങ്ങിയ ഭാഗങ്ങളും കൂടി ചേര്‍ന്നതാണ് ഗ്രാമമായ തൊടിയൂര്‍. തൊടിയൂര്‍ , കല്ലേലിഭാഗം എന്നീ രണ്ടു വില്ലേജുകള്‍ ചേര്‍ന്നതാണ് പഞ്ചായത്ത്. (തൊടി = കൃഷിസ്ഥലം) ചരിത്രത്തില്‍ നിറഞ്ഞുനില്‍ക്കുന്ന വളരെ പ്രസിദ്ധമായ ക്ഷേത്രമാണ് മാരാരിത്തോട്ടം ക്ഷേത്രം. മാരദഹനം കഴിഞ്ഞ് ശിവന്‍ കുടികൊണ്ട സ്ഥലമാണ് മാരാരിത്തോട്ടം എന്ന് ഐതിഹ്യം. വടക്കുനിന്നും ശിവനെ ഭയന്ന് കാമദേവന്‍ വലിയ ശബ്ദം മുഴക്കിക്കൊണ്ട് ഓടിവന്ന സ്ഥലത്തെ മുഴങ്ങോടി എന്നുംകാമന്റെ പട്ടട ഒരുക്കിയ സ്ഥലത്തെ പട്ടതടവ് എന്നും, പട്ടടയില്‍ നിന്നും ചാമ്പല്‍ വാരി ഒഴുക്കിയ സ്ഥലത്തെ ചാമ്പക്കടവ് എന്നും അറിയപ്പെടുന്നു എന്നാണ് പഴമക്കാര്‍ പറയുന്നത്. ചെങ്ങന്നൂരിന് അടുത്തുള്ള പുലിയൂര്‍ എന്ന സ്ഥലത്തു നിന്നും വഞ്ചിയില്‍ കയറിവന്ന ബ്രാഹ്മണര്‍ അധിവസിച്ചിരുന്ന സ്ഥലത്തെ പില്‍ക്കാലത്ത് പുലിയൂര്‍ വഞ്ചി എന്ന് അറിയപ്പെട്ടിരുന്നു എന്നുംഅവരുടെ കുടുംബ ക്ഷേത്രമായിരുന്നു ഇടക്കുളങ്ങര ദേവീക്ഷേത്രം എന്നും വിശ്വസിക്കുന്നു. ‘മാല’ എന്ന പേരുകാരിയായ ഒരു അവര്‍ണ്ണ സ്ത്രീയ്ക്ക് പുഞ്ചവയലില്‍ നിന്നും ലഭിച്ച ദേവീവിഗ്രഹം അതിനടുത്തുള്ള പുരയിടത്തില്‍ സ്ഥാപിച്ചെന്നുംഅതുവഴി ആ പ്രദേശത്തെ മാലുമേല്‍ എന്നും അറിയപ്പെടാന്‍ കാരണമായതായി പറയപ്പെടുന്നു. വിഗ്രഹം കണ്ടെടുത്ത പുഞ്ചവയലിനെ ‘ഭഗവതിക്കണ്ടം’ എന്ന പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്നു.

ഭരണ ചരിത്രം

പഞ്ചായത്ത് രൂപം കൊണ്ടത് 1953-ആഗസ്റ്റ് 15-ാം തീയതിയാണ്. 1953-ല്‍ നിലവില്‍ വന്ന തൊടിയൂര്‍ പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡന്റ് യശ:ശരീരനായ  കാട്ടൂര്‍ പി കെ ഗോപാലന്‍ നായര്‍ ആയിരുന്നു. കൊല്ലം ജില്ലയുടെ വടക്കുപടിഞ്ഞാറ് ഭാഗത്തായി കാണപ്പെടുന്ന ഒരു ഗ്രാമപഞ്ചായത്താണ് തൊടിയൂര്‍. ഇത് കരുനാഗപ്പളളി ബ്ളോക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നു. ഇതിന്റെ ആകെ വിസ്തീര്‍ണ്ണം 20.61 ചി.കി. ആണ്. ഇതിന്റെ വടക്കു ഭാഗത്ത് തഴവാ പഞ്ചായത്തുംകിഴക്ക് ശൂരനാട്മൈനാഗപ്പള്ളി പഞ്ചായത്തുകളുംതെക്ക് ഭാഗത്ത് പന്മന പഞ്ചായത്തും പടിഞ്ഞാറ് കരുനാഗപ്പള്ളി പഞ്ചായത്തും സ്ഥിതി ചെയ്യുന്നു.  സര്‍ സി. പി രാമസ്വാമി അയ്യരുടെ ഭരണത്തിനെതിരെ ശക്തമായ പോരാട്ടം നയിച്ച് ജയില്‍വാസമനുഭവിയ്ക്കുകയും ജയിലില്‍ കിടക്കവേ ജനപ്രതിനിധിയാവുകയും ചെയ്ത ധീരദേശാഭിമാനി ആയിരുന്നു മാരാരിത്തോട്ടത്ത് രാഘവന്‍പിള്ള. കോണ്‍ഗ്രസ്സ് പരമുപിള്ള എന്നറിയപ്പെട്ടിരുന്ന നീലമ്പേത്ത് പരമേശ്വരന്‍ പിള്ളതച്ചയില്‍ കൃഷ്ണന്‍ എ കെ ആശാന്‍ ചെട്ടിയത്ത് ചെല്ലപ്പന്‍ പിള്ള, ശ്രീകണ്ഠശ്ശേരില്‍ ശേഖരപ്പണിക്കര്‍ മാരാരിത്തോട്ടത്ത് ചെല്ലപ്പന്‍ പിള്ള തുടങ്ങിയവര്‍ ഈ പഞ്ചായത്തിന്റെ ചരിത്രത്തില്‍ അഭിമാനഭാജനങ്ങളായി കടന്നു പോയവരാണ്. ശ്രീനാരായണ ഗുരുദേവന്‍ കല്ലേലിഭാഗം കുളങ്ങരയ്ക്കല്‍ മുളമൂട്ടില്‍ കുടുംബത്തില്‍ വന്നതിനാല്‍ ഈ പ്രദേശം വിദ്യാധന്യമായി.  അയ്യന്‍കാളി തൊടിയൂര്‍ ഗ്രാമത്തില്‍ എത്തുകയും ഇവിടുത്തെ ഹരിജനങ്ങളുടെ പിന്നോക്കാവസ്ഥ ബോദ്ധ്യപ്പെട്ട് അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുവാന്‍ ഒരു വിദ്യാലയം തുടങ്ങണമെന്ന ആവശ്യത്തിന്റെ ഫലമായി പില്ക്കാലത്ത് “പുലപ്പള്ളിക്കൂടം” എന്ന് നാട്ടുകാര്‍ വിളിച്ചിരുന്ന ഇന്നത്തെ തൊടിയൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്കൂള്‍ സ്ഥാപിക്കുകയും ചെയ്തു. തിരുവിതാംകൂറിലെ ആദ്യത്തെ ഹരിജന്‍ സ്കൂളാണിത്. തൊടിയൂര്‍ ഗ്രാമപഞ്ചായത്ത് ആഫീസ്, തൊടിയൂര്‍ ഗവണ്‍മെന്റ് എല്‍ പി സ്ക്കൂള്‍ (മുഴങ്ങോടി)തൊടിയൂര്‍ വില്ലേജ് ആഫീസ്തൊടിയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് ഇവ സ്ഥാപിക്കുന്നതിന് സൌജന്യമായി സ്ഥലം കൊടുത്ത് സാംസ്കാരിക മഹിമയ്ക്ക് മാറ്റ് കൂട്ടിയ  എസ് ശ്രീധരന്‍ പിള്ള വെളുത്തമണല്‍ പുത്തന്‍ചന്തയുടെ സ്ഥാപകനും കൂടിയാണ്.